തലസ്ഥാനത്തെ ഞെട്ടിച്ച് അരുംകൊല: 16 വയസുകാരനെ കൊന്ന് ചാക്കിൽ കെട്ടി, പ്രായപൂർത്തിയാകാത്ത ഒരാൾ ഉൾപ്പെടെ 2 പേർ കസ്റ്റഡിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് 16 വയസുകാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ. പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർത്ഥി അഭിരാം ആണ് കൊല്ലപ്പെട്ടത്. അഭിരാമിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. സംഭവത്തിൽ രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിലായിട്ടുണ്ട്. പിടിയിലായ പ്രതികളിൽ ഒരാളും 17വയസുകാരനാണ്.

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് 16 വയസുകാരനെ കൊലപ്പെടുത്തി ചാക്കിൽ കെട്ടിയ നിലയിൽ. പരുത്തിപ്പാറ എൻഎസ്എസ് ഹൈസ്കൂൾ വിദ്യാർത്ഥി അഭിരാം ആണ് കൊല്ലപ്പെട്ടത്. അഭിരാമിനെ ഇന്നലെ മുതൽ കാണാനില്ലായിരുന്നു. സംഭവത്തിൽ രണ്ട് സുഹൃത്തുക്കൾ കസ്റ്റഡിയിലായിട്ടുണ്ട്. പിടിയിലായ പ്രതികളിൽ ഒരാളും 17വയസുകാരനാണ്. ഒരു പെൺകുട്ടിയുമായുള്ള സൗഹൃദത്തെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചിരിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന വിവരം. പെൺകുട്ടിയുടെ ഇൻസ്‌റ്റ ഐഡി ഉപയോഗിച്ച് ചാറ്റ് ചെയ്താണ് അഭിരാമിനെ വിളിച്ചുവരുത്തിയത്. ബെൽറ്റ് കൊണ്ട് കഴുത്തു ഞെരിച്ച് ചാക്കിൽകെട്ടി പറമ്പിൽ ഉപേക്ഷിക്കുകയായിരുന്നു.കൊലപാതകത്തിൽ പ്രതിയായ 17കാരനും ഒരു പെൺകുട്ടിയും തമ്മിൽ അടുപ്പത്തിലായിരുന്നു. മരിച്ച അഭിരാം ഈ പെൺകുട്ടിയുമായി ചാറ്റ് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് ഇവര്‍ തമ്മിൽ തര്‍ക്കമുണ്ടായിരുന്നു. പെൺകുട്ടിയുടെ ഇൻസ്റ്റ ഐഡി വഴി അഭിരാമിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ഒഴിഞ്ഞ പറമ്പിലാണ് മൃതദേഹം കിടന്നിരുന്നത്. സമീപത്ത് വീടുകളൊന്നുമില്ല. കാട് പിടിച്ച് കിടക്കുന്ന സ്ഥലമാണ് ഇവിടം. ഇന്നലെ ഉച്ചക്ക് ശേഷമാണ് അഭിരാമിനെ കാണാതായത്. ഉച്ചക്ക് ഒരു ഫോൺ കോൾ വരികയും പാങ്ങപ്പാറയിൽ പോകുന്നുവെന്ന് പറഞ്ഞ് അഭിരാം പോകുകയുമായിരുന്നു. പിന്നീട് വൈകിട്ട് ആയിട്ടും കാണാതായതിനെ തുടർന്ന് പരിഭ്രാന്തരായ വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.ഫോൺ കോൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തുന്നത്. പെൺസൂഹൃത്താണ് വിളിച്ചതെന്ന് മനസിലാക്കിയ പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മറ്റൊരു സുഹൃത്തിനെയും ചോദ്യം ചെയ്തു. തുടർന്നാണ് സംഭവത്തെ കുറിച്ച് പൊലീസിന് വ്യക്തത വരുന്നത്. പെൺസുഹൃത്തെന്ന വ്യാജേന അഭിരാമിനെ സുഹൃത്ത് വിളിച്ചുവരുത്തി, ബെൽറ്റ് ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം ഉമർ എന്നയാളെ വിളിച്ച് പറഞ്ഞു എന്നാണ് കസ്റ്റഡിയിലുള്ള 17കാരന്‍റെ മൊഴി. ഉമറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊലപാതകത്തിന് ശേഷമാണ് തന്നെ വിളിച്ച് അറിയിച്ചതെന്നാണ് ഉമറിന്റെ മൊഴി. എന്നാൽ ഈ മൊഴി പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. ഒരാൾ തനിച്ച് കൃത്യം നടത്തില്ലെന്നാണ് പൊലീസിന്റെ അനുമാനം. പൊലീസ് നടപടികൾ പുരോഗമിക്കുകയാണ്.