'ദൈവത്തെ പോലെ ആരാധിക്കപ്പെടുമ്പോഴും വിരാട് സാധാരണക്കാരനെ പോലെ പെരുമാറും, വിദേശതാരങ്ങളെ അവഗണിക്കില്ല' - കിവീസ് താരം പറയുന്നു
ഇന്ത്യയില്‍ ഒരു ദൈവത്തെപ്പോലെ ആരാധിക്കപ്പെടുന്ന വലിയൊരു സൂപ്പര്‍സ്റ്റാര്‍ ആയിരുന്നിട്ടും, അയാള്‍ എല്ലാവരോടും വളരെ സാധാരണക്കാരനായി മാത്രമാണ്‌ പെരുമാറുന്നത്‌. ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ്‌ താരം ജേക്കബ്‌ ഡഫി ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം വിരാട്‌

ഇന്ത്യയില്‍ ഒരു ദൈവത്തെപ്പോലെ ആരാധിക്കപ്പെടുന്ന വലിയൊരു സൂപ്പര്‍സ്റ്റാര്‍ ആയിരുന്നിട്ടും, അയാള്‍ എല്ലാവരോടും വളരെ സാധാരണക്കാരനായി മാത്രമാണ്‌ പെരുമാറുന്നത്‌. ന്യൂസിലാന്‍ഡ്‌ ക്രിക്കറ്റ്‌ താരം ജേക്കബ്‌ ഡഫി ഇന്ത്യന്‍ ക്രിക്കറ്റ്‌ ഇതിഹാസം വിരാട്‌ കോഹ്ലിയെ കുറിച്ച്‌ പറഞ്ഞ വാക്കുകളാണിത്‌. ഇന്ത്യ-ന്യൂസിലാന്‍ഡ്‌ ഏകദിന പരമ്പരയ്‌ക്ക്‌ മുന്നോടിയായി, വിരാട്‌ കോഹ്ലിയുടെ പ്രവര്‍ത്തന ശൈലിയേയും എളിമയേയും പ്രശംസിച്ച്‌ കിവീസ്‌ പേസര്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ട്രെന്‍ഡിംഗാണ്‌.നവംബര്‍ നാലിനാണ്‌ ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പര ആരംഭിക്കുന്നത്‌. ഐ പി എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ്‌ ബെംഗളുരു ടീമില്‍ കോഹ്ലിയോടൊപ്പം ഡ്രസ്സിംഗ്‌ റൂം പങ്കിട്ട അനുഭവത്തിന്റെ വെളിച്ചത്തിലാണ്‌ ഡഫിയുടെ തുറന്ന്‌ പറച്ചില്‍. ആര്‍ സി ബിയില്‍ എത്തിയ താനുള്‍പ്പടെയുള്ള വിദേശ കളിക്കാരെ ടീമിലേക്ക്‌ അദ്ദേഹം സ്വാഗതം ചെയ്യുന്ന രീതി തന്നെ ആകര്‍ഷകമാണ്‌. വിദേശ കളിക്കാര്‍ക്ക്‌ ഇന്ത്യയില്‍ സുഖകരമായ അന്തരീക്ഷം ഒരുക്കാന്‍ കോഹ്ലി പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തോട്‌ വിദേശ താരങ്ങള്‍ക്ക്‌ വലിയ ആദരവുണ്ട്‌.നെറ്റ്‌സ്‌ പരിശീലനത്തില്‍ കോഹ്ലിക്കൊപ്പം സമയം ചെലവഴിക്കാന്‍ കഴിഞ്ഞത്‌ വലിയ അനുഭവമായിട്ടാണ്‌ ഡഫി കാണുന്നത്‌. പരിശീലന സമയത്ത്‌ കോഹ്ലി എപ്പോഴും ആദ്യത്തെ ബാറ്ററായിരിക്കും. താനാകട്ടെ ആദ്യത്തെ ബൗളറും. അതിനാല്‍ നെറ്റ്‌സില്‍ കോഹ്ലിക്കെതിരെ ഒരുപാട്‌ പന്തെറിയാന്‍ സാധിച്ചിട്ടുണ്ട്‌. ഇന്ത്യന്‍ സാഹചര്യങ്ങളില്‍ ഏത്‌ ലൈനിലും ലെംഗ്‌തിലും പന്തെറിയണമെന്നും സാഹചര്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ എങ്ങനെ പേസില്‍ മാറ്റങ്ങള്‍ വരുത്തണമെന്നും പരിശീലനത്തിനിടെ കോഹ്ലി തനിക്ക്‌ പറഞ്ഞു തന്നിരുന്നുവെന്ന്‌ ഡഫി വ്യക്തമാക്കുന്നു. ആര്‍ സി ബി തുടരെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ജേതാക്കളായതിന്‌ പിറകില്‍ വിരാട്‌ കോഹ്ലിയുടേയും ഡഫിയുടെയും പങ്ക്‌ വലുതാണ്‌. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ വിരാടിനെ പോലെ തന്നെ ഏറെ പരിചിതനാണ്‌ ഡഫി.ഏകദിന പരമ്പരയില്‍ ഇവര്‍ മുഖാമുഖം വരുന്നത്‌ ക്രിക്കറ്റ്‌ വിരുന്നായി മാറും. ആര്‍ സി ബിയിലെ നെറ്റ്‌സില്‍ പരസ്‌പരം പ്രോത്സാഹിപ്പിച്ചവര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പോരടിക്കുമ്പോള്‍ അതൊരു ക്ലാസിക്‌ അനുഭവമായിരിക്കും. കോഹ്ലി പറഞ്ഞു കൊടുത്ത ചില ട്രിക്കുകള്‍ ഉപയോഗിച്ച്‌ ഡഫി ഇന്ത്യന്‍ സൂപ്പര്‍ താരത്തെ വീഴ്‌ത്തുമോ, അതോ ഡഫിയെ വിരാട്‌ കൈകാര്യം ചെയ്‌ത്‌ വിടുമോ, ക്രിക്കറ്റ്‌ ലോകം കാത്തിരിക്കുകയാണ്‌ ആ കാഴ്‌ച കാണാന്‍. ഈ വര്‍ഷം കോഹ്ലി മികച്ച ഫോമിലാണ്‌. ഒമ്പത്‌ ഇന്നിംഗ്‌സുകളില്‍ നിന്ന്‌ 552 റണ്‍സാണ്‌ താരം അടിച്ചുകൂട്ടിയത്‌. ബാറ്റിംഗ്‌ ശരാശരി 69 ആണ്‌. സ്‌ട്രൈക്ക്‌ റേറ്റ്‌ 117.94 ഉം. രണ്ട്‌ സെഞ്ച്വറികളും മൂന്ന്‌ അര്‍ധസെഞ്ച്വറികളും കോഹ്ലി സ്‌കോര്‍ ചെയ്‌തു. ഏറ്റവുമൊടുവില്‍ വെസ്റ്റിന്‍ഡീസിനെതിരെ മൂന്ന്‌ ഇന്നിംഗ്‌സുകളില്‍ നേടിയത്‌ 168 റണ്‍സാണ്‌.വിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തില്‍ 296 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നപ്പോള്‍ 88 പന്തുകളില്‍ പുറത്താകാതെ നേടിയ 139 റണ്‍സാണ്‌ ഈ വര്‍ഷത്തെ ഉയര്‍ന്ന സ്‌കോറും മികച്ച പ്രകടനവും. വലം കൈയ്യന്‍ മീഡിയം ഫാസ്റ്റ്‌ ബൗളറായ ഡഫി കൃത്യമായ ലൈനിലും ലെംഗ്‌തിലും പന്തെറിയാന്‍ മിടുക്കനാണ്‌. പുതിയ പന്ത്‌ ഇരുവശങ്ങളിലേക്കും സ്വിംഗ്‌ ചെയ്യിക്കാനുള്ള സ്വാഭാവിക കഴിവ്‌ ഡഫിക്കുണ്ട്‌. ന്യൂസിലാന്‍ഡ്‌ ടീമില്‍ ഒരു പ്രധാന ബൗളറുടെ റോളാണ്‌ ഡഫിക്കുള്ളത്‌. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ പുതിയ പന്തുകളില്‍ വിക്കറ്റ്‌ വീഴ്‌ത്താനും മധ്യ ഓവറുകളില്‍ റണ്‍സ്‌ നിയന്ത്രിക്കാനും കിവീസ്‌ നിര ഡഫിയെ ആശ്രയിക്കുന്നു. ഇന്ത്യക്കെതിരെ നടന്ന ടി20 മത്സരങ്ങളില്‍ അദ്ദേഹം മികച്ച ഫോമിലായിരുന്നു. ഓക്‌ലന്‍ഡില്‍ നടന്ന മത്സരത്തില്‍ നാല്‌ വിക്കറ്റുകള്‍ വീഴ്‌ത്തി ഇന്ത്യയെ തകര്‍ത്തത്‌ ഡഫിയായിരുന്നു. ഐ പി എല്‍ കളിച്ച പരിചയം വെച്ച്‌ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ശക്തിദൗര്‍ബല്യങ്ങള്‍ ഡഫിക്ക്‌ അറിയാം. അതുപോലെ ഡഫിയുടെ ബൗളിംഗ്‌ വേരിയേഷന്‍സിനെ കുറിച്ച്‌ കോഹ്ലിക്കും അറിയാം. പരമ്പരയില്‍ ആര്‌ വാഴും എന്നത്‌ കാത്തിരുന്ന്‌ കാണേണ്ട കാഴ്‌ചയാണ്‌....ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK