ജീവനക്കാർ രക്ഷപ്പെട്ടത് അത്ഭുതകരമായി, ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്റെ സീലിങ് അടർന്നുവീണ് അപകടം
ചേർത്തല: ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്‍റെ സീലിങ് അടർന്നുവീണു. ലാൻഡ് റവന്യു തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് ബുധനാഴ്ച രാവിലെ പത്തിനുശേഷം അപകടമുണ്ടായത്. കമ്പ്യൂട്ടറിന് മുകളിലേക്കടക്കം കോൺക്രീറ്റ് പാളികൾ അടർന്നുവീണെങ്കിലും ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിന് മുകളിൽ സ്ഥ

ചേർത്തല: ചേർത്തല താലൂക്ക് ഓഫീസ് കെട്ടിടത്തിന്‍റെ സീലിങ് അടർന്നുവീണു. ലാൻഡ് റവന്യു തഹസിൽദാരുടെ കീഴിലുള്ള ഹൗസിങ് സെക്ഷനിലാണ് ബുധനാഴ്ച രാവിലെ പത്തിനുശേഷം അപകടമുണ്ടായത്. കമ്പ്യൂട്ടറിന് മുകളിലേക്കടക്കം കോൺക്രീറ്റ് പാളികൾ അടർന്നുവീണെങ്കിലും ജീവനക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച വലിയ വാട്ടർ ടാങ്കിൽ നിന്ന് വെള്ളം ചോർന്ന് കോൺക്രീറ്റ് ദ്രവിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെത്തുടർന്ന് ജീവനക്കാരെ ഉടൻ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ഇതിന് മുമ്പും കെട്ടിടത്തിൽ നിന്ന് കോൺക്രീറ്റ് പാളി അടർന്നുവീണിരുന്നു. അന്ന് ജീവനക്കാർ എത്തുന്നതിന് തൊട്ടുമുമ്പായതിനാൽ ആളപായം ഒഴിവായി. എന്നാൽ കമ്പ്യൂട്ടറുകൾക്കും ഫയലുകൾക്കും കേടുപാടുകൾ സംഭവിച്ചു.തുടർച്ചയായ അപകടങ്ങൾക്കിടയിലും കെട്ടിടത്തിന്‍റെ സുരക്ഷ ഉറപ്പാക്കാൻ നടപടിയുണ്ടായില്ലെന്ന് ജീവനക്കാർക്ക് പരാതിയുണ്ട്. ദിവസവും നൂറുകണക്കിന് ആളുകൾ എത്തുന്ന കെട്ടിടത്തിൽ അടിയന്തര അറ്റകുറ്റപ്പണി നടത്തണമെന്നും വാട്ടർ ടാങ്ക് മാറ്റി സ്ഥാപിക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.അതേസമയം, പുതിയ കെട്ടിടത്തിനായുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പി പ്രസാദ് എംഎല്‍എ അറിയിച്ചു. മുൻ സർക്കാരിന്‍റെ കാലത്ത് അനുമതി ലഭിച്ച പദ്ധതിയുടെ ഡിസൈനിൽ ചില തിരുത്തലുകൾ വന്നതിനാലാണ് നിർമാണം വൈകിയത്. ഇത് പൂർത്തിയായാൽ ഉടൻ ടെൻഡർ നടപടികളിലേക്ക് കടക്കും. നിർമാണത്തിന് ഫണ്ട് തടസ്സമല്ല. നൂറുവർഷത്തിലധികം പഴക്കമുള്ള നിർമിതികൾ സംരക്ഷിക്കണമെന്ന ഉത്തരവുള്ളതിനാൽ പഴയ കെട്ടിടം നിലനിർത്തണോ പൊളിക്കണോ എന്നതിൽ ആർക്കിടെക്റ്റ് പരിശോധന നടത്തിയ ശേഷമേ അന്തിമ തീരുമാനമെടുക്കാനാകൂ. എന്നാൽ പി ഡബ്ല്യു ഡി ആർക്കിടെക്റ്റ് ഇതുവരെ സ്ഥലം സന്ദർശിച്ചിട്ടില്ല.