അച്ഛന് തുണയായി യുകെയിൽ നിന്ന് റിയാദിൽ പറന്നെത്തി മകൾ, പക്ഷെ വിധി മറ്റൊന്നായി, നാട്ടിലേക്ക് കണ്ണീരോടെ മടക്കം
റിയാദ്: അച്ഛന് തുണയായി യുകെയിൽ നിന്ന് പ്രവാസഭൂമിയിലേക്ക് പറന്നിറങ്ങിയ മകൾക്ക് ഒടുവിൽ കണ്ണീരോടെ മടക്കം. റിയാദിൽ പക്ഷാഘാതം വന്നു കിടപ്പിലായ അച്ഛനെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ ദിവസങ്ങളോളം നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ, ചേതനയറ്റ അച്ഛന്റെ ശരീരത്തിനൊപ്പം ആ മകൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു.

റിയാദ്: അച്ഛന് തുണയായി യുകെയിൽ നിന്ന് പ്രവാസഭൂമിയിലേക്ക് പറന്നിറങ്ങിയ മകൾക്ക് ഒടുവിൽ കണ്ണീരോടെ മടക്കം. റിയാദിൽ പക്ഷാഘാതം വന്നു കിടപ്പിലായ അച്ഛനെ വിദഗ്ധ ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ ദിവസങ്ങളോളം നടത്തിയ പരിശ്രമങ്ങൾക്കൊടുവിൽ, ചേതനയറ്റ അച്ഛന്റെ ശരീരത്തിനൊപ്പം ആ മകൾക്ക് നാട്ടിലേക്ക് മടങ്ങേണ്ടിവന്നു. തൃശൂർ ചെറുവള്ളൂർ വാഴപ്പിള്ളി ഹൗസിൽ ഇട്ടേര ദേവസിയുടെയും (63) യുകെയിൽ നഴ്സിങ് വിദ്യാർഥിനിയായ മകൾ അന്നയുടെയും നോവുനിറഞ്ഞ കഥയാണിത്.കഴിഞ്ഞ 33 വർഷമായി സൗദി അറേബ്യയിൽ പ്രവാസിയാണ് ഇട്ടേര ദേവസി. ആദ്യകാലത്ത് വാട്ടർ കമ്പനിയിൽ ജോലി ചെയ്തിരുന്ന അദ്ദേഹം, പിന്നീട് അൽ ഖർജിൽ സ്വന്തമായി ലോൺഡ്രി സ്ഥാപനം നടത്തിവരികയായിരുന്നു. ഇതിനിടെയുണ്ടായ പക്ഷാഘാതത്തെത്തുടർന്ന് അദ്ദേഹത്തെ ആദ്യം ദിലത്തിലെ പ്രിൻസ് സൽമാൻ ഇബ്ന് മുഹമ്മദ് അൽ സൗദ് ആശുപത്രിയിലും, തുടർന്ന് റിയാദിലെ കിങ് സൗദ് മെഡിക്കൽ സിറ്റിയിലും പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കുശേഷം വീണ്ടും ദിലത്തിലെ ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യനില പിന്നീട് കൂടുതൽ ഗുരുതരമായി.അച്ഛൻ ആശുപത്രിയിലാണെന്ന വിവരം ജോലി സ്ഥലത്തുള്ള സുഹൃത്ത് റെജിയാണ് യുകെയിലുള്ള മകൾ അന്നയെ അറിയിച്ചത്. ഉടൻ അവധിയെടുത്ത് ഒക്ടോബർ രണ്ടിന് അന്ന റിയാദിലെത്തി. തുടർന്ന് ‘ഹെൽപ്‌ലൈൻ നഴ്സ്’ വഴി മാധ്യമപ്രവർത്തകൻ ഷംനാദ് കരുനാഗപ്പള്ളിയുമായി ബന്ധപ്പെടുകയും, ഡോക്ടർമാരുമായി ആലോചിച്ച് അച്ഛനെ നാട്ടിലേക്ക് കൊണ്ടുപോകാൻ ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു.നടപടികൾ എളുപ്പമാക്കാൻ ജീവകാരുണ്യ പ്രവർത്തകൻ ഷിഹാബ് കൊട്ടുകാടും രംഗത്തിറങ്ങി. എന്നാൽ യാത്രാരേഖകൾ തയ്യാറാക്കുന്നതിനിടയിലാണ് ദേവസിയുടെ ഇഖാമ സ്റ്റാറ്റസ് ‘ഹുറൂബ്’ (ഒളിച്ചോടി എന്ന് രേഖപ്പെടുത്തിയത്) ആണെന്ന വിവരം അറിയുന്നത്. ഉടൻതന്നെ ഷിഹാബ് കൊട്ടുകാട് ഇന്ത്യൻ എംബസിയുടെ സഹായം തേടുകയും, എംബസി ഉദ്യോഗസ്ഥൻ സാബിറിന്റെ അനുകൂല ഇടപെടലിലൂടെ ഹുറൂബ് നീക്കി എക്സിറ്റ് വിസ നേടുകയും ചെയ്തു.യാത്ര നീണ്ടപ്പോൾ നാട്ടിലേക്ക് മടങ്ങാൻ സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും അന്നയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും, അച്ഛനെ കൊണ്ടുപോകാനാണ് താൻ വന്നതെന്നും അദ്ദേഹത്തിനൊപ്പം തന്നെ മടങ്ങുമെന്നും അന്ന നിലപാടെടുത്തു. ഒക്ടോബർ 15ന് നാട്ടിലേക്ക് കൊണ്ടുപോകാനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ നടക്കവെ, ഹൃദയാഘാതത്തെത്തുടർന്ന് ദേവസി മരണപ്പെടുകയായിരുന്നു.മടക്കയാത്രയിൽ അച്ഛന് ധരിക്കാൻ അന്ന യുകെയിൽ നിന്നും പുത്തൻ വസ്ത്രങ്ങളും ഷൂവും കരുതിയിരുന്നു. അച്ഛന്റെ വിയോഗവാതമറിഞ്ഞ് തകർന്ന അന്ന, താൻ കൊണ്ടുവന്ന ആ വസ്ത്രങ്ങൾ അണിയിച്ചാണ് അച്ഛന് അന്ത്യയാത്ര നൽകിയത്. ഷിഹാബും ഷംനാദും ചേർന്ന് ഈ ആഗ്രഹം സാധിച്ചുകൊടുത്തു.റിയാദ് വിമാനത്താവളം താൽക്കാലികമായി അടച്ചതും തുടർന്ന് അനുയോജ്യമായ ഫ്ലൈറ്റ് ലഭിക്കാത്തതും മൃതദേഹം കൊണ്ടുപോകുന്നത് വൈകിപ്പിച്ചു. ഒടുവിൽ ദമാം വഴി കൊച്ചിയിലേക്ക് കൊണ്ടുപോകാൻ സൗകര്യപ്പെടുകയായിരുന്നു. ഹുറൂബ് നീക്കൽ, ആശുപത്രി-പോലീസ് രേഖകൾ, എംബാമിങ്, വിമാന ടിക്കറ്റ് എന്നിവയ്ക്കുള്ള മുഴുവൻ കാര്യങ്ങളും ഷിഹാബ് കൊട്ടുകാട് നിരന്തരം പിന്തുടർന്നു. നോർക്കയുടെ ആംബുലൻസ് സൗകര്യവും അദ്ദേഹം ഏർപ്പെടുത്തിയിരുന്നു.ദൈനംദിന കാര്യങ്ങളിലും ആശുപത്രി സന്ദർശനങ്ങളിലും സഹായികളായി ദേവസിയുടെ സുഹൃത്ത് റെജികുമാർ, നിഷ ബാബു, അഭിലാഷ് മാത്യു, ദിലത്തിലെ ആശുപത്രി നഴ്സ് ജിഷ അഭിലാഷ്, ഹെൻറി തോമസ്, രഞ്ജിത രാജൻ, സഞ്ജു, ബിൻസി, സജീഷ്, ലിജി, ജിജിൻ വർഗീസ് എന്നിവരും റിയാദ് ഒഐസിസി പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു. തനിക്ക് ഇരുപത്തഞ്ച് ദിവസത്തിനിടെ ലഭിച്ച സ്നേഹവും കരുതലും ഒരിക്കലും മറക്കില്ലെന്ന് പറഞ്ഞ അന്ന, സഹായിച്ച എല്ലാവർക്കും, പ്രത്യേകിച്ച് എംബസി ഉദ്യോഗസ്ഥൻ സാബിർ, ഷിഹാബ് കൊട്ടുകാട്, ഷംനാദ് കരുനാഗപ്പള്ളി എന്നിവർക്കും നന്ദി അറിയിച്ചു.യാത്രാനടപടികൾ പൂർത്തിയാക്കാൻ ഷിഹാബ് കൊട്ടുകാടും ദമാം വരെ ഒപ്പം പോയിരുന്നു. ഒക്ടോബർ 29ന് പുലർച്ചെ 12.55നുള്ള ഫ്ലൈനാസ് വിമാനത്തിൽ അന്നയും അച്ഛന്റെ ഭൗതികശരീരവും കൊച്ചിയിലെത്തി. തുടർന്ന് അതേദിവസം ഉച്ചകഴിഞ്ഞ് 3.45ന് കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംസ്കാര ചടങ്ങുകൾ നടന്നു. ഷൈനി അന്ന ദേവസി ആണ് ഭാര്യ; പ്ലസ്‌വൺ വിദ്യാർത്ഥിനിയായ ആനിറ്റ് ദേവസി മകളാണ്.