റെയിൽവേട്രാക്ക് മുറിച്ചുകടക്കവേ ട്രെയിനിടിച്ച് പരിക്ക്; 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി ട്രിബ്യൂണൽ
കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ. റെയിൽവേ നിയമപ്രകാരം ട്രാക്ക് മുറിച്ചുകടക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാവേലിക്കര റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ

കൊച്ചി: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനിടിച്ച് പരിക്കേറ്റയാൾക്ക് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് എറണാകുളം റെയിൽവേ ക്ലെയിംസ് ട്രിബ്യൂണൽ. റെയിൽവേ നിയമപ്രകാരം ട്രാക്ക് മുറിച്ചുകടക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. മാവേലിക്കര റെയിൽവേ സ്റ്റേഷനിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി തോമസ് ജോൺ സമർപ്പിച്ച നഷ്ടപരിഹാര ഹർജിയാണ് ട്രിബ്യൂണൽ തള്ളിയത്.2023 മേയ് എട്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാവേലിക്കര റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന കൊല്ലം–എറണാകുളം മെമു ട്രെയിനിൽ കയറുന്നതിനായി തോമസ് ജോൺ സ്റ്റേഷന്റെ കിഴക്കുഭാഗത്തുനിന്ന് റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുകയായിരുന്നു. ഇതിനിടെ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തിയ ശബരി എക്സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്.എന്നാൽ, കൊല്ലം–എറണാകുളം മെമു ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ തിരക്കുമൂലം പുറത്തേക്ക് വീണാണ് പരിക്കേറ്റതെന്നായിരുന്നു തോമസ് ജോണിന്റെ വാദം. ഈ വാദം റെയിൽവേ കോടതിയിൽ എതിർത്തു. ട്രെയിനിൽനിന്ന് വീണതല്ലെന്നും പാളം മുറിച്ചുകടക്കുന്നതിനിടെ ശബരി എക്സ്പ്രസ് ഇടിക്കുകയായിരുന്നുവെന്നും റെയിൽവേ തെളിവുകൾ സഹിതം ട്രിബ്യൂണലിനെ അറിയിച്ചു.ഫുട് ഓവർ ബ്രിഡ്ജ് ഉപയോഗിക്കാതെ റെയിൽവേ ട്രാക്കിലൂടെ സഞ്ചരിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നതിന് തുല്യമാണെന്ന് ട്രിബ്യൂണൽ നിരീക്ഷിച്ചു. ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കാണ് നഷ്ടപരിഹാരത്തിന് അർഹതയുള്ളതെന്നും വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് തോമസ് ജോണിന്റെ അപേക്ഷ നിരസിച്ചത്.അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ തോമസ് ജോൺ കോട്ടയം മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആശുപത്രികളിൽ ദീർഘകാലം ചികിത്സ തേടിയിരുന്നു. ചികിത്സയ്ക്കും പരിക്കുകൾക്കും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് റെയിൽവേ ക്ലെയിംസ് ട്രിബ്യൂണലിനെ സമീപിച്ചത്. എന്നാൽ, അപകടം സംഭവിച്ച സാഹചര്യം പരിഗണിച്ച് നഷ്ടപരിഹാരം അനുവദിക്കാനാകില്ലെന്ന് ട്രിബ്യൂണൽ ഉത്തരവിടുകയായിരുന്നു.