വയനാട്ടിലെ ശ്രുതിയ്ക്ക് ഗുരുവായൂർ അമ്പലനടയിൽ വിവാഹം; വരൻ സന്ദീപ്, കാർമ്മികത്വം വഹിച്ച് മുൻ മന്ത്രി കെ രാജൻ
തൃശൂർ: ഉരുൾപൊട്ടലിന്റെ തീരാ നോവിൽ നിന്ന് അതിജീവനത്തിന്റെ വെളിച്ചത്തിലേക്ക് നടന്നു കയറിയ വയനാട്ടിലെ ശ്രുതിക്ക് സഹപ്രവർത്തകനായ സന്ദീപ് താലി ചാർത്തി. ഗുരുവായൂരിൽ കാലത്ത് ആറേകാലിന് നടന്ന വിവാഹ ചടങ്ങിൽ മുൻമന്ത്രി കെ രാജൻ വിവാഹത്തിന് കൈപിടിച്ചു നൽകി. 2024 ജൂലൈ 30 ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ശ്രുതിയുടെ ക

തൃശൂർ: ഉരുൾപൊട്ടലിന്റെ തീരാ നോവിൽ നിന്ന് അതിജീവനത്തിന്റെ വെളിച്ചത്തിലേക്ക് നടന്നു കയറിയ വയനാട്ടിലെ ശ്രുതിക്ക് സഹപ്രവർത്തകനായ സന്ദീപ് താലി ചാർത്തി. ഗുരുവായൂരിൽ കാലത്ത് ആറേകാലിന് നടന്ന വിവാഹ ചടങ്ങിൽ മുൻമന്ത്രി കെ രാജൻ വിവാഹത്തിന് കൈപിടിച്ചു നൽകി. 2024 ജൂലൈ 30 ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ ശ്രുതിയുടെ കുടുംബത്തിലെ ഒൻപത് പേരാണ് മരിച്ചത്. സെപ്റ്റംബറിൽ ഉണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനും കൊല്ലപ്പെട്ടിരുന്നു.അതിജീവനത്തിന്റെ വലിയ പ്രകാശമാണ് ഇന്ന് വയനാട്ടിലെ ശ്രുതി. ശ്രുതിക്ക് ഇനിയുള്ള ജീവിതത്തിൽ കൂട്ടായി സഹപ്രവർത്തകൻ സന്ദീപ് എത്തി. ഗുരുവായൂരിൽ ശ്രുതിക്ക് സന്ദീപ് താലി ചാർത്തി. ശ്രുതിയുടെ ജീവിതത്തിൽ ഒപ്പമുണ്ടാകുമെന്ന് വാക്കുപാലിച്ച് എത്തിയ മുൻ മന്ത്രി കെ രാജൻ സന്ദീപിന് ശ്രുതിയെ കൈപിടിച്ചു നൽകി. ചൂരൽമല-മുണ്ടക്കൈ മഹാദുരന്തം ബാക്കിവെച്ച ശൂന്യതയിൽ നിന്ന് പ്രത്യാശയുടെയും കൈപിടിച്ചാണ് ശ്രുതി പുതിയൊരു ജീവിതത്തിലേക്ക് വലം കാൽ വച്ചു കയറിയത്. 2024 ജൂലൈ 30-ന്റെ ആ രാത്രിയിൽ ശ്രുതിക്ക് നഷ്ടമായത് മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒമ്പത് അംഗങ്ങളെയാണ്. ഒറ്റയ്ക്കായി പോയ ശ്രുതിയെ പിന്നെയും ഒറ്റയ്ക്ക് ആക്കി പ്രതിശ്രുത വരൻ ജൻസന്റെ അപകട മരണം. വീണിടത്തുനിന്ന് ശ്രുതിയെ കൈ പിടിച്ചുയർത്തുകയാണ് കേരളം. കളക്ടറേറ്റിൽ റവന്യൂ വകുപ്പിൽ ക്ലർക്ക് ആയിനിയമനം നൽകുകയായിരുന്നു. മാനന്തവാടി സ്വദേശിയും സഹപ്രവർത്തകനുമായ സന്ദീപ് ശ്രുതിക്കൊപ്പം നടക്കാൻ താത്പര്യമറിയിച്ചു. കേരളത്തിന്റെ ആശംസകൾ സാക്ഷിയാക്കി ഗുരുവായൂർ അമ്പല നടയിൽ ഇരുവരും മാല ചാർത്തി ഒന്നായി.