എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്, വളര്മതിയെ ആശുപത്രിയിലേക്ക് മാറ്റി, സ്ഥലത്ത് സംഘര്ഷാവസ്ഥ
തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്. സമരക്കാരെ ബലം പ്രയോഗിച്ച് നീക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. നിരാഹാര സമരം നടത്തുന്ന വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ രംഗ

തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സെക്രട്ടറിയേറ്റ് പടിക്കലിലെ സമരപ്പന്തൽ രാത്രിയെത്തി പൊളിച്ചുമാറ്റി പൊലീസ്. സമരക്കാരെ ബലം പ്രയോഗിച്ച് നീക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. നിരാഹാര സമരം നടത്തുന്ന വളര്‍മതിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം, പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ രംഗത്തെത്തി. ബലപ്രയോഗത്തിലൂടെയാണ് സമരക്കാരെ മാറ്റാന്‍ ശ്രമിച്ചതെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. ആവശ്യം നേടിയെടുത്തിട്ടേ പോകൂവെന്നും ഉദ്യോഗാര്‍ഥികള്‍ പറഞ്ഞു. സമരപ്പന്തല്‍ പൊളിച്ചുനീക്കുന്നത് സംബന്ധിച്ച് പൊലീസ് നോട്ടീസ് നല്‍കുകയും വളര്‍മതിക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. സമരപ്പന്തല്‍ പൊളിച്ചുനീക്കില്ലെന്ന് സമരക്കാര്‍ അറിയിച്ചിരുന്നു. പന്തലില്ലെങ്കിലും സമരം തുടരുമെന്നും അവര്‍ പറഞ്ഞു. മന്ത്രി ഒ.ജെ. ജനീഷ് നടത്തിയ ജാഥക്ക് നേരെ സമരക്കാര്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. പിന്നാലെയാണ് പൊലീസ് എത്തി സമരപ്പന്തല്‍ പൊളിച്ചത്.സമരസ്ഥലത്ത് വൻ സംഘർഷാവസ്ഥയുണ്ടായി. ഹൈക്കോടതി നിർദേശപ്രകാരമാണ് പന്തല്‍ പൊളിച്ചതെന്നും സ്ഥിരം പന്തലാണ് നീക്കിയതെന്നും താല്‍ക്കാലിക പന്തല്‍ പൊളിച്ചില്ലെന്നും പൊലീസ് വിശദീകരിച്ചു. സമരത്തിന് നേതൃത്വം നൽകിയ വളർമതിയെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയതിനെ തുടർന്ന്, വളർമതിക്ക് പകരം ജയകൃഷ്ണൻ ഇപ്പോൾ മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് അറിയിച്ചു. നിലവിൽ സ്ഥലത്തുനിന്ന് പൊലീസ് സംഘം മടങ്ങിയിട്ടുണ്ട്.പൊലീസ് നടപടിക്ക് പിന്നാലെ എത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മന്ത്രി ജനീഷിന്‍റെ ജാഥ ഫ്ലക്സുകൾ തകർത്തു. സിപിഎം നേതാക്കളായ സി.എസ്. സുജാത, പി.കെ. ബിജു എന്നിവരും സമരസ്ഥലത്തെത്തി. പ്രസ്താവനയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയനും രംഗത്തെത്തി.എൽ.പി.എസ്.ടി ഉദ്യോഗാർത്ഥികളുടെ സമരപ്പന്തൽ രാത്രിയുടെ മറവിൽ പൊളിച്ചുനീക്കുകയും വളർമതിയെ അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടി ജനാധിപത്യപരമായ പ്രതിഷേധങ്ങളോടുള്ള യുഡിഎഫ് സർക്കാരിന്റെ അസഹിഷ്ണുതയാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സമാധാനപരമായി സമരം ചെയ്യുന്നവരെ പൊലീസിനെ ഉപയോഗിച്ച് ബലപ്രയോഗത്തിലൂടെ നേരിടുന്ന രീതിയാണ് സർക്കാർ തുടരുന്നത്. വളർമതി മുടി മുറിക്കുന്നത് കണ്ടു കരഞ്ഞുപോയ മുഖ്യമന്ത്രി തന്നെയല്ലേ ഇപ്പോൾ ഈ അതിക്രമത്തിന് നേതൃത്വം നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു.
