കൊച്ചിയിൽ യുവ സംഗീത സംവിധായകൻ്റെ വീട്ടിൽ യുവാക്കൾ വന്നുപോകുന്നതിൽ സംശയം; ഗായകൻ പൊലീസ് പിടിയിൽ, എൽഎസ്ഡി സ്റ്റാമ്പുകൾ പിടിച്ചെടുത്തു
കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ 12 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിലായി. എറണാകുളം പനമ്പിള്ളി നഗർ തൊണ്ടിപ്പറമ്പിൽ വീട്ടിൽ സിജോ സെബാസ്റ്റ്യൻ (24) ആണ് അറസ്റ്റിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം സംഗീത സംവിധായകൻ അലൻ വർഗീസ് വാടകയ

കൊച്ചി: ഓപ്പറേഷൻ തൂഫാൻ നാർക്കോഹണ്ടിന്റെ ഭാഗമായി കൊച്ചി സിറ്റി പോലീസ് നടത്തിയ പരിശോധനയിൽ 12 എൽ.എസ്.ഡി സ്റ്റാമ്പുകളുമായി യുവാവ് പിടിയിലായി. എറണാകുളം പനമ്പിള്ളി നഗർ തൊണ്ടിപ്പറമ്പിൽ വീട്ടിൽ സിജോ സെബാസ്റ്റ്യൻ (24) ആണ് അറസ്റ്റിലായത്. പാലാരിവട്ടം അഞ്ചുമന ക്ഷേത്രത്തിന് സമീപം സംഗീത സംവിധായകൻ അലൻ വർഗീസ് വാടകയ്ക്കെടുത്ത വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്.താൻ ഗായകനാണെന്നാണ് പിടിയിലായ സിജോ സെബാസ്റ്റ്യൻ പോലീസിനോട് അവകാശപ്പെട്ടത്. ഈ വാടക വീട് കേന്ദ്രീകരിച്ച് ടാറ്റൂ ചെയ്യുന്നതായും, നിരവധി ആൺകുട്ടികളും പെൺകുട്ടികളും ഇവിടെ പതിവായി വന്നുപോകുന്നതായും പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വീട് നിരീക്ഷിച്ചുവരികയായിരുന്ന പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് മാരക ലഹരിമരുന്നായ എൽ.എസ്.ഡി സ്റ്റാമ്പുകൾ കണ്ടെടുത്തത്. കൊച്ചി സിറ്റിയിൽ ഈ മാസം റിപ്പോർട്ട് ചെയ്യപ്പെടുന്ന ആറാമത്തെ കൊമേഴ്സ്യൽ ക്വാണ്ടിറ്റി ലഹരിമരുന്ന് കേസാണിത്.കൊച്ചി സിറ്റി പോലീസ് കമ്മീഷണർ ആർ. നിശാന്തിനി ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഡി.സി.പിമാരായ മോഹിത് റാവത്ത്, അരുൺ കെ. പവിത്രൻ എന്നിവരുടെ മേൽനോട്ടത്തിൽ, കൊച്ചി സിറ്റി നർക്കോട്ടിക് സെൽ എ.സി.പി അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. ലഹരി മാഫിയക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും, വരും ദിവസങ്ങളിൽ നഗരത്തിൽ പരിശോധനകൾ കൂടുതൽ ശക്തമാക്കുമെന്നും കമ്മീഷണർ ആർ. നിശാന്തിനി അറിയിച്ചു.
