വീണ്ടും ട്രംപിന്റെ തീരുവയുദ്ധം; ഇന്ത്യക്ക് 25% തീരുവ ഭീഷണി, വ്യാപാരക്കരാറിലെത്തിയാൽ 17% ആയി കുറയ്ക്കാമെന്ന്
വാഷിങ്ടൺ ഡിസി: ആഗോള വ്യാപാര രംഗത്ത് വീണ്ടും തീരുവയുദ്ധത്തിന് തിരികൊളുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ ഉൾപ്പെടെ 14 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ പുതിയ ഇറക്കുമതി തീരുവകളാണ് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്‌ടിആർ) നിർദേശിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാന

വാഷിങ്ടൺ ഡിസി: ആഗോള വ്യാപാര രംഗത്ത് വീണ്ടും തീരുവയുദ്ധത്തിന് തിരികൊളുത്തി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യ ഉൾപ്പെടെ 14 പ്രധാന വ്യാപാര പങ്കാളികൾക്കെതിരെ പുതിയ ഇറക്കുമതി തീരുവകളാണ് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്‌ടിആർ) നിർദേശിച്ചിരിക്കുന്നത്. ഇന്ത്യയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് 25 ശതമാനം വരെ തീരുവയാണ് നിർദേശിച്ചിട്ടുള്ളതെങ്കിലും, ഉഭയകക്ഷി വ്യാപാരക്കരാർ യാഥാർഥ്യമായാൽ ഇത് 17 ശതമാനമായി കുറയ്ക്കാമെന്നാണ് വാഗ്ദാനം. ചൈനയ്ക്ക് 40 ശതമാനം വരെ തീരുവ ഉയരാൻ സാധ്യതയുണ്ട്. വ്യാപാരക്കരാറിൽ ഒപ്പുവെക്കുന്നതിലൂടെ 17 ശതമാനമെന്ന കുറഞ്ഞ തീരുവ നിരക്ക് ഇന്ത്യക്ക് നേടാനാകും. നേരത്തേ ഇടക്കാല കരാറിന്റെ ചട്ടക്കൂടിൽ ധാരണയായിരുന്ന 18 ശതമാനത്തേക്കാൾ കുറവാണിത്. എന്നാൽ കരാറിലെത്തുന്നതിൽ തടസ്സം നേരിട്ടാൽ 25 ശതമാനം തീരുവ ചുമത്തുമെന്നത് ചർച്ചകളിൽ സമ്മർദം ചെലുത്താനുള്ള നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളുടെ വ്യവസായ നയങ്ങളും ഉൽപാദന രീതികളും അമേരിക്കൻ വ്യാപാര താൽപര്യങ്ങൾക്ക് തിരിച്ചടിയാകുന്നുവെന്നാണ് യുഎസ്‌ടിആറിന്റെ കണ്ടെത്തൽ. ആഭ്യന്തര ആവശ്യത്തേക്കാൾ അധിക ഉൽപാദനശേഷി സൃഷ്ടിച്ച് ആഗോള വിപണിയിൽ അധിക ഉൽപന്നങ്ങൾ എത്തിക്കുന്നുവെന്ന് യുഎസ് ആരോപിക്കുന്നു. സോളാർ മൊഡ്യൂളുകൾ, സ്റ്റീൽ, പെട്രോകെമിക്കൽസ്, ഫാർമസ്യൂട്ടിക്കൽസ്, മെഡിക്കൽ ഉപകരണങ്ങൾ, ഐസിടി തുടങ്ങിയ മേഖലകളിലെ നയങ്ങളും 'ആത്മനിർഭർ ഭാരത്' അടക്കമുള്ള വ്യവസായ പ്രോത്സാഹന പദ്ധതികളും യുഎസിന്റെ വിമർശനത്തിന് കാരണമായിട്ടുണ്ട്. തൊഴിലാളി സംരക്ഷണത്തിലെ പോരായ്മകൾ, വിപണി പ്രവേശനത്തിലെ നിയന്ത്രണങ്ങൾ, സാമ്പത്തിക നയങ്ങൾ എന്നിവയും അമേരിക്കൻ ഉൽപാദകർക്കും കയറ്റുമതിക്കാർക്കും പ്രതികൂലമാകുന്നുവെന്നാണ് വാദം. കരാറിലെ തടസ്സങ്ങളും നിയമപശ്ചാത്തലവും ജനിതകമാറ്റം വരുത്തിയ കാർഷിക ഉൽപന്നങ്ങളുടെ ഇറക്കുമതിയും ക്ഷീരമേഖലയിലേക്ക് അമേരിക്കൻ ഉൽപന്നങ്ങൾക്ക് പ്രവേശനം നൽകുന്നതും സംബന്ധിച്ച് ഇരു രാജ്യങ്ങൾക്കുമിടയിൽ തർക്കങ്ങൾ തുടരുകയാണ്. ഇന്ത്യയുടെ ക്ഷീരമേഖല തുറന്നുകൊടുക്കില്ലെന്നും ജിഎം ഉൽപന്നങ്ങൾ അനുവദിക്കില്ലെന്നും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ ട്രംപ് ചുമത്തിയ പകരം തീരുവകൾ യുഎസ് സുപ്രിംകോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ, 1974-ലെ ട്രേഡ് ആക്ടിലെ സെക്ഷൻ 301 പ്രകാരമാണ് ഇപ്പോഴത്തെ അന്വേഷണവും തീരുവ നിർദേശവും. വിദേശ രാജ്യങ്ങളുടെ നയങ്ങൾ അമേരിക്കൻ വ്യാപാരത്തെ ദോഷകരമായി ബാധിക്കുന്നുവെന്ന് കണ്ടെത്തിയാൽ നടപടിയെടുക്കാൻ ഈ നിയമം യുഎസ്‌ടിആറിന് അധികാരം നൽകുന്നു. ജനുവരി 25-ന് പൊതുഹിയറിങ് നിശ്ചയിച്ചിട്ടുണ്ട്. ചൈന, വിയറ്റ്നാം, ബ്രസീൽ, ബംഗ്ലാദേശ്, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, സ്വിറ്റ്സർലൻഡ്, തായ്‌വാൻ, തായ്‌ലൻഡ്, യൂറോപ്യൻ യൂണിയൻ എന്നിവയും പുതിയ തീരുവ നിർദേശങ്ങളുടെ പരിധിയിൽ വരുന്നു. വ്യാപാര സന്ധിയിലെ വ്യവസ്ഥകൾ പാലിക്കാത്ത സാഹചര്യത്തിലോ ചർച്ചകൾ പരാജയപ്പെട്ടാലോ ചൈനയുടെ തീരുവ 40 ശതമാനം വരെയായി ഉയരാം. President Donald Trump's administration has proposed a fresh 25% tariff on Indian imports following a US Trade Representative (USTR) investigation into industrial excess capacity. However, the US offered to cap the duty at 17% if New Delhi finalizes a bilateral trade deal with Washington
