പ്രതീക്ഷയുടെ പറക്കലില് "കുഞ്ഞുരാജ"; ഇനി അനന്ത് അംബാനിയുടെ വന്താരയിൽ വിദഗ്ധ ചികിത്സ
ജാംനഗര്‍: ജനിച്ച ദിവസം മുതല്‍ ജീവന്‍ നിലനിര്‍ത്താന്‍ പോരാടുന്ന ഏഴാഴ്ച പ്രായമുള്ള ഏഷ്യന്‍ ആനക്കുട്ടി രാജയെ അടിയന്തര ചികിത്സയ്ക്കായി അസമിലെ പോഹുമാരയില്‍ നിന്ന് ഗുജറാത്തിലെ ജാംനഗറിലുള്ള വന്‍താരയിലേക്ക് വ്യോമമാര്‍ഗം മാറ്റി. ഏഴാഴ്ചയായി വന്‍താരയിലെ വെറ്ററിനറി സംഘം

ജാംനഗര്‍: ജനിച്ച ദിവസം മുതല്‍ ജീവന്‍ നിലനിര്‍ത്താന്‍ പോരാടുന്ന ഏഴാഴ്ച പ്രായമുള്ള ഏഷ്യന്‍ ആനക്കുട്ടി രാജയെ അടിയന്തര ചികിത്സയ്ക്കായി അസമിലെ പോഹുമാരയില്‍ നിന്ന് ഗുജറാത്തിലെ ജാംനഗറിലുള്ള വന്‍താരയിലേക്ക് വ്യോമമാര്‍ഗം മാറ്റി. ഏഴാഴ്ചയായി വന്‍താരയിലെ വെറ്ററിനറി സംഘം അസമിലെത്തി രാജയ്ക്ക് ചികിത്സ നല്‍കി വരികയായിരുന്നു. രാജയുടെ ആരോഗ്യനില വിദഗ്ധ ആശുപത്രി പരിചരണം അനിവാര്യമായ ഘട്ടത്തിലെത്തിയപ്പോൾ വന്‍താര സ്ഥാപകന്‍ അനന്ത് അംബാനിയുടെ നിർദേശപ്രകാരമാണ് ആനക്കുട്ടിയെ വിമാനമാർഗം ജാംനഗറിലെത്തിച്ചത്. അനന്ത് അംബാനിയുടെ സഹായത്തോടെ നടത്തുന്ന ഇത്തരത്തിലുള്ള മൂന്നാമത്തെ എയര്‍ലിഫ്റ്റാണിത്. 2026 ഒക്ടോബര്‍ രണ്ടിന് അസമിലെ ഗോഗാമുഖിലാണ് രാജ ജനിച്ചത്. പ്രസവശേഷം അമ്മയുടെ ചവിട്ടേറ്റ് രാജയുടെ പിന്‍കാലിലെ വലതു തുടയെല്ലിന് (ഫെമര്‍) ആദ്യ ദിവസം തന്നെ പൂര്‍ണമായ ഒടിവുണ്ടായി. അതിനാൽ എഴുന്നേല്‍ക്കാനോ കാലില്‍ ഭാരം താങ്ങാനോ കഴിഞ്ഞിരുന്നില്ല. അമ്മയുടെ പാൽ ലഭിക്കാതിരുന്നതിനാല്‍ നവജാത ആനക്കുട്ടിക്ക് പ്രതിരോധശേഷിക്കും വളര്‍ച്ചയ്ക്കും ആവശ്യമായ പോഷണവും ലഭിച്ചില്ല. തുടർന്ന് ഉടമയും പരിചരിക്കുന്നവരും വന്‍താരയുടെ സഹായം തേടി. വന്‍താരയുടെ ദ്രുതപ്രതികരണ സംഘം ഒക്ടോബര്‍ 8നെത്തി നടത്തിയ എക്‌സ്‌റേ പരിശോധനയില്‍ എല്ലിന്റെ അറ്റങ്ങള്‍ പരസ്പരം മറികടന്ന് സ്ഥാനചലനം സംഭവിച്ച പൂര്‍ണ ഒടിവാണെന്ന് സ്ഥിരീകരിച്ചു. സംഘം കാലില്‍ പ്ലാസ്റ്ററും പിന്തുണയ്ക്കുന്ന ബാന്‍ഡേജും ഇട്ടു. പരുക്കേറ്റ കാലില്‍ ഭാരം കുറയ്ക്കുന്നതിനും രാജയെ എഴുന്നേല്‍ക്കാന്‍ സഹായിക്കുന്നതിനും സ്ലിങ് ഉപയോഗിച്ചു. 24 മണിക്കൂർ നിരീക്ഷണവും പ്രത്യേകമായി തയ്യാറാക്കിയ പാല്‍ ഭക്ഷണമായും നല്‍കി. കാലില്‍ ഭാരം നല്‍കാതെ ശരീരം ചലിപ്പിക്കാനും പേശികള്‍ ശക്തിപ്പെടുത്താനും സഹായിക്കുന്ന ഹൈഡ്രോതെറാപ്പി കുളവും നിര്‍മിച്ചു. അമ്മയുടെ പാലില്ലാത്തതും സ്വതന്ത്രമായി ചലിക്കാന്‍ കഴിയാത്തതും രാജയ്ക്ക് ഒന്നിനു പിന്നാലെ പല ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കി. വയറിളക്കം ബാധിച്ചു. പരിശോധനയില്‍ ക്ലെബ്‌സിയല്ല ന്യൂമോണിയ എന്ന ബാക്ടീരിയയുടെ അണുബാധ കണ്ടെത്തി. രക്തത്തിലെ പഞ്ചസാരയുടെ അളവ് പലതവണ താഴ്ന്നു. കരളിനെ ബാധിക്കുന്ന എന്‍സൈമുകളുടെ അളവ് ഉയര്‍ന്നത് കരളിന് സമ്മര്‍ദമുണ്ടെന്ന സൂചന നല്‍കി. ദീര്‍ഘനേരം കിടക്കേണ്ടിവന്നതിനാല്‍ തലയില്‍ മര്‍ദമേറ്റ പുണ്ണുകളുണ്ടായി. പൊക്കിളില്‍ ഹെര്‍ണിയയും ശരീരമാകെ ബലഹീനതയും അനുഭവപ്പെട്ടു. തുടർന്നാണ് വിദഗ്ധ ചികിത്സക്കായി വന്‍താരയിലേക്ക് മാറ്റിയത്. ഗുവാഹത്തിയില്‍ നിന്ന് ജാംനഗറിലേക്ക് പ്രത്യേകമായി ക്രമീകരിച്ച വിമാനത്തിലായിരുന്നു യാത്ര. രാജയുടെ ചെറിയ ശരീരത്തിന് അനുയോജ്യമായ പ്രത്യേക കൂടാണ് യാത്രയ്ക്കായി ഒരുക്കിയത്. ഒടിഞ്ഞ കാലിന് ഇളക്കമില്ലാതെ താങ്ങും സുരക്ഷയും നല്‍കുന്ന രീതിയിലാണ് കൂടിന്റെ രൂപകല്‍പന. വിമാനത്തിന്റെ ടേക്ക് ഓഫ്, യാത്ര, ലാന്‍ഡിങ് സമയങ്ങളില്‍ മര്‍ദമേറ്റ പുണ്ണുകള്‍ക്ക് ആഘാതമുണ്ടാകാതിരിക്കാനും ശരീരത്തിന് താങ്ങാകാനും മൃദുവായ കട്ടിയുള്ള വിരിപ്പും ഒരുക്കിയിരുന്നു. വന്‍താരയിലെ വെറ്ററിനറി ഡോക്ടര്‍മാര്‍, പാരാവെറ്റുകള്‍, പരിചരണ ജീവനക്കാര്‍ എന്നിവരുടെ പ്രത്യേക സംഘവും ഒപ്പമുണ്ടായിരുന്നു. വൻതാരയിൽ നൂതന പരിശോധനകള്‍, തുടര്‍ച്ചയായ നിരീക്ഷണം, ചലനശേഷി വീണ്ടെടുക്കാനുള്ള വിദഗ്ധ ഓര്‍ത്തോപീഡിക് ചികിത്സ, ക്രമബദ്ധമായ പോഷണവും പുനരധിവാസവും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. പരുക്കിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ രാജയ്ക്ക് ജീവിതകാലം മുഴുവന്‍ വെറ്ററിനറി പരിചരണവും നിരീക്ഷണവും ആവശ്യമായി വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനുള്ള ഉത്തരവാദിത്വം വന്‍താര ഏറ്റെടുക്കുമെന്ന് സി.ഇ.ഒ വിവാന്‍ കരാനി പറഞ്ഞു.
