സീറ്റ് വിഭജനത്തിൽ ഉടക്കി എസ്പിയും കോൺഗ്രസും; സഹാറൻപൂർ തർക്കത്തിനിടെ രണ്ടാം ഘട്ട ചർച്ച ഇന്ന്
ഡൽഹി: സീറ്റ് വിഭജനത്തെച്ചൊല്ലി എസ്പിയും കോൺഗ്രസും തമ്മിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ രണ്ടാം ഘട്ട നിർണായക ചർച്ചകൾ ഇന്ന്. സഹാറൻപൂർ മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തിലെ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ബിജെപി ദേശീയ സമിതിയും ഇന്ന് ചേരും. സീറ്റ് വിഭജനത്തിൽ

ഡൽഹി: സീറ്റ് വിഭജനത്തെച്ചൊല്ലി എസ്പിയും കോൺഗ്രസും തമ്മിൽ ഭിന്നത രൂക്ഷമാകുന്നതിനിടെ രണ്ടാം ഘട്ട നിർണായക ചർച്ചകൾ ഇന്ന്. സഹാറൻപൂർ മണ്ഡലത്തിലെ സ്ഥാനാർഥി പ്രഖ്യാപനത്തിലെ കടുത്ത അതൃപ്തിയിലാണ് കോൺഗ്രസ്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ബിജെപി ദേശീയ സമിതിയും ഇന്ന് ചേരും. സീറ്റ് വിഭജനത്തിൽ ഇരു പാർട്ടികളും തമ്മിലുള്ള അതൃപ്തി പുകയുന്നതിനിടയിലാണ് രണ്ടാംഘട്ട ചർച്ച. അമേഠി, റായ്ബറേലി മണ്ഡലങ്ങളിൽ വിട്ടുവീഴ്ചക്കില്ലെന്ന കടുത്ത നിലപാടിലാണ് കോൺഗ്രസ്. കോൺഗ്രസ് അവകാശവാദമുന്നയിച്ച അഞ്ച് മണ്ഡലങ്ങളിൽ എസ്പി ഏകപക്ഷീയമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് സഖ്യത്തിൽ വിള്ളലുകൾക്ക് കാരണമായിട്ടുണ്ട്. സീറ്റുകൾ കുറച്ചാലും ഭരണഘടനാ പദവികളിൽ അർഹമായ പ്രാതിനിധ്യം നൽകാമെന്ന സമവാക്യവും സമാജ് വാദി പാർട്ടി മുന്നോട്ടുവയ്ക്കും. ഇതിനിടെ സീറ്റ് വിഭജനത്തിൽ പരസ്യ പ്രതികരണം നടത്തിയ ഇമ്രാൻ മസൂദ് എംപിയെ മല്ലികാർജുൻ ഖാർഗെ പരോക്ഷമായി വിമർശിച്ചു. വാക്കുകളേക്കാൾ പ്രവൃത്തിക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ഖാർഗെ പറഞ്ഞു. 25 ലക്ഷം സർക്കാർ ജോലികൾ, ബിരുദധാരികൾക്ക് പ്രതിമാസം അയ്യായിരം രൂപ തൊഴിലില്ലായ്മ വേതനം, സ്ത്രീകൾക്ക് പ്രതിവർഷം നാൽപ്പതിനായിരം രൂപ പെൻഷൻ, 300 യൂണിറ്റ് സൗജന്യ വൈദ്യുതി, ജാതി സെൻസസ് എന്നിവയാണ് എസ്പി യുടെ ആദ്യ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങൾ. തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ ബി.ജെ.പി ദേശീയ ഭാരവാഹികളുടെ യോഗവും ഇന്ന് ഡൽഹിയിൽ ചേരും. പ്രധാനമന്ത്രി നരേന്ദ്രമോദി ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്തും.
