അറബ് ലോകത്ത് തരംഗമായി കുട്ടികളുടെ ഫജര് കൂട്ടായ്മ; സൂര്യനുദിക്കും മുമ്പേ സുബ്ഹി ജമാഅത്തിനായി പള്ളികളിലേക്ക് ആല്ഫ തലമുറയുടെ ഒഴുക്ക്
റിയാദ്: പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിനായി (സ്വലാത്തുല്‍ ഫജര്‍) കുട്ടികള്‍ കൂട്ടത്തോടെ പള്ളികളിലെത്തുന്ന കാഴ്ച അറബ് ലോകത്ത് ശ്രദ്ധ നേടുന്നു. അല്‍ജീരിയയില്‍ ഏതാനും വര്‍ഷം മുമ്പ് ആരംഭിച്ച കൂട്ടായ്മയുടെ മാതൃക പിന്തുടര്‍ന്ന് ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, ഖത്

റിയാദ്: പുലര്‍ച്ചെ സുബ്ഹി നിസ്‌കാരത്തിനായി (സ്വലാത്തുല്‍ ഫജര്‍) കുട്ടികള്‍ കൂട്ടത്തോടെ പള്ളികളിലെത്തുന്ന കാഴ്ച അറബ് ലോകത്ത് ശ്രദ്ധ നേടുന്നു. അല്‍ജീരിയയില്‍ ഏതാനും വര്‍ഷം മുമ്പ് ആരംഭിച്ച കൂട്ടായ്മയുടെ മാതൃക പിന്തുടര്‍ന്ന് ഈജിപ്ത്, ജോര്‍ദാന്‍, മൊറോക്കോ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലും കുട്ടികള്‍ ഫജര്‍ നിസ്‌കാരത്തിനായി ഒരുമിച്ചെത്തുകയാണ്. പുലര്‍ച്ചെ പള്ളിയിലേക്ക് നടന്നുപോകുന്ന കുട്ടികളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയ സംരംഭം കൂടുതല്‍ ശ്രദ്ധ നേടുകയായിരുന്നു. ആഫ്രോ അറബ് രാജ്യമായ അല്‍ജീരിയയില്‍ 'റിജാല്‍ അല്‍ ഫജര്‍' (പുലരിയുടെ പോരാളികള്‍) എന്ന പേരിലാണ് സംരംഭം അറിയപ്പെടുന്നത്. സെറ്റിഫ് പ്രവിശ്യയിലെ ഐന്‍ അല്‍ കബിറയില്‍ ഖുര്‍ആന്‍ അധ്യാപകനായ ഉമര്‍ ഈസാവിയാണ് ഇതിന് തുടക്കമിട്ടത്. ഏകദേശം നാലുവര്‍ഷം മുമ്പ് ഏതാനും വിദ്യാര്‍ഥികളെ ഫജര്‍ നിസ്‌കാരത്തിനായി പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു അദ്ദേഹം. നിസ്‌കാര ശേഷം കുട്ടികള്‍ ഒരുമിച്ച് പ്രഭാതഭക്ഷണം കഴിക്കുകയും സ്ഥിരമായി പങ്കെടുക്കുന്നവരെ സ്‌കൂള്‍ ആദരിക്കുകയും ചെയ്തു. അയല്‍പ്രദേശമായ ബുര്‍ജ് ബു അറീരിജില്‍ 80ലധികം കുട്ടികള്‍ ഈ കൂട്ടായ്മയുടെ ഭാഗമായി മാറിയതായി അല്‍ജീരിയന്‍ മാധ്യമമായ അവ്‌റാസ് റിപ്പോര്‍ട്ട് ചെയ്തു. ചെറുപ്രായത്തില്‍ത്തന്നെ കുട്ടികള്‍ക്ക് പള്ളിയുമായി ആത്മബന്ധം വളര്‍ത്താന്‍ സഹായിക്കുന്ന സംരംഭമാണിതെന്ന് ഇന്റര്‍നാഷനല്‍ യൂണിയന്‍ ഓഫ് മുസ്‌ലിം സ്‌കോളേഴ്‌സും അഭിപ്രായപ്പെട്ടു. ഈജിപ്തില്‍ 'റഗാലത്ത് അല്‍ ഫജര്‍' എന്ന പേരിലാണ് സമാനമായ പ്രചാരണം നടക്കുന്നത്. ഫജര്‍ നമസ്‌കാരം ജമാഅത്തായി നിര്‍വഹിക്കുന്നത് പതിവാക്കാന്‍ കുട്ടികളെയും മുതിര്‍ന്നവരെയും പ്രേരിപ്പിക്കുകയാണ് ലക്ഷ്യം. അല്‍ മഹ്മൂദിയയിലെ അല്‍ ജൗഹരി പള്ളിയില്‍ കുടുംബങ്ങളും കുട്ടികളും ഒരുമിച്ചെത്തി. ലക്‌സറിലെ അസ്‌നയ്ക്കു സമീപമുള്ള അല്‍ ഉദൈമ ഗ്രാമത്തില്‍ തുടര്‍ച്ചയായി 30 ദിവസം പള്ളിയില്‍ ഫജര്‍ നിസ്‌കാരത്തിനെത്തുന്ന കുട്ടികള്‍ക്ക് ഖുര്‍ആന്‍ പഠനകേന്ദ്രം 500 ഈജിപ്ഷ്യന്‍ പൗണ്ട് പാരിതോഷികവും പ്രഖ്യാപിച്ചു. പാരിതോഷികം അവസാനിച്ചാലും കുട്ടികള്‍ സ്വമേധയാ പള്ളിയിലെത്തുന്നത് തുടരണമെന്നാണ് സംഘാടകരുടെ ആഗ്രഹം. ജോര്‍ദാനില്‍ 'നശാമാ അല്‍ ഫജര്‍' എന്ന പേരിലാണ് കൂട്ടായ്മ. കുട്ടികളുടെ പങ്കാളിത്തം വര്‍ധിച്ചതോടെ ഒരു പള്ളിയുടെ മുകള്‍നില കൂടി തുറക്കേണ്ടിവന്നതായി സംഘാടകനായ അയ്മന്‍ അല്‍ ബലാവി പറഞ്ഞു. സാധാരണ വെള്ളിയാഴ്ചകളിലും റമദാനിലുമാണ് ഈ ഭാഗം തുറക്കാറുള്ളത്. മൊറോക്കോയില്‍ 'ഫുര്‍സാന്‍ അല്‍ ഫജര്‍' എന്ന പേരിലും കൂട്ടായ്മകള്‍ രൂപപ്പെട്ടു. സുദാനിലും കുട്ടികള്‍ ഫജര്‍ നിസ്‌കാരത്തിനായി പള്ളികളിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതായി അല്‍ ജസീറ അറബിക് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറിലും ഈ പ്രവണത ശ്രദ്ധ നേടുകയാണ്. ദോഹയില്‍ സൂര്യോദയത്തിന് മുമ്പ് കുട്ടികള്‍ പള്ളികളിലെത്തുന്ന ദൃശ്യങ്ങള്‍ അറബിക് ഹാഷ്ടാഗായ #رجال_الفجر ഉപയോഗിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നതായി പ്രാദേശിക മാധ്യമമായ മിഷൈരിബ് റിപ്പോര്‍ട്ട് ചെയ്തു. ഖത്തറില്‍ സമാനമായ സംരംഭം നേരത്തെയും നടന്നിട്ടുണ്ട്. 2023ല്‍ എജ്യുക്കേഷന്‍ സിറ്റി മസ്ജിദിലെ മിനാരത്തൈന്‍ സെന്റര്‍ കുട്ടികള്‍ക്ക് ഫജര്‍ നിസ്‌കാരം ശീലമാക്കാന്‍ ആറാഴ്ച നീണ്ട ഫജര്‍ ക്ലബ് സംഘടിപ്പിച്ചിരുന്നു. കുട്ടികള്‍ക്ക് പള്ളിയോട് അടുപ്പമുണ്ടാക്കാനും കൂട്ടുകാരോടൊപ്പം ആരാധനയില്‍ പങ്കെടുക്കാനുള്ള താല്‍പര്യം വളര്‍ത്താനും ഇത്തരം കൂട്ടായ്മകള്‍ സഹായിക്കുന്നുവെന്നാണ് പിന്തുണയ്ക്കുന്ന രക്ഷിതാക്കളുടെയും അധ്യാപകരുടെയും വിലയിരുത്തല്‍. ALSO READ: അതിന് പിന്നില്‍ തങ്ങളല്ലെന്ന് ഇറാന്‍; കുവൈത്തില്‍ ഡ്രോണ്‍ ആക്രമണം നടത്തിയതാര്? ഉക്രൈനെ സംശയിച്ച് ഇറാന്‍; സംയുക്ത അന്വേഷണത്തിന് തയാറെന്ന് അരാഗ്ചി English Summary: A grassroots initiative encouraging children to attend Fajr prayers in congregation is spreading across the Arab world. Originating in Algeria under the name 'Rijal al-Fajr', the movement has inspired similar gatherings in Egypt, Jordan, Morocco, Qatar and Sudan. The initiative aims to help children develop a lasting connection with mosques and make dawn prayers a regular habit.
