ഇൻസ്റ്റഗ്രാം റീൽസ് ഇനി ടിവിയിലും, പുതിയ മാറ്റങ്ങളറിയാം
ഇൻസ്റ്റഗ്രാം റീൽസ് ഇനി മൊബൈൽ ഫോണിൽ മാത്രം ഒതുങ്ങില്ല. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വലിയ ടെലിവിഷൻ സ്ക്രീനിൽ റീൽസ് ആസ്വദിക്കാനുള്ള അവസരമൊരുക്കി ഇൻസ്റ്റഗ്രാം ഫോർ ടിവി ഇന്ത്യയിലേക്കും എത്തുന്നു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ സേവനം ലഭ്യമാകുമെന്ന് മെറ്റ അറിയിച്ചു.ഇന്ത്യയിൽ ഉടൻ ലഭ്യമാക

ഇൻസ്റ്റഗ്രാം റീൽസ് ഇനി മൊബൈൽ ഫോണിൽ മാത്രം ഒതുങ്ങില്ല. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം വലിയ ടെലിവിഷൻ സ്ക്രീനിൽ റീൽസ് ആസ്വദിക്കാനുള്ള അവസരമൊരുക്കി ഇൻസ്റ്റഗ്രാം ഫോർ ടിവി ഇന്ത്യയിലേക്കും എത്തുന്നു. അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ സേവനം ലഭ്യമാകുമെന്ന് മെറ്റ അറിയിച്ചു.ഇന്ത്യയിൽ ഉടൻ ലഭ്യമാകുംമുംബൈയിൽ നവംബർ 27ന് നടന്ന മെറ്റയുടെ വാർഷിക ക്രിയേറ്റർ പരിപാടിയായ 'ഹൗസ് ഓഫ് ഇൻസ്റ്റഗ്രാമി'ലാണ് പ്രഖ്യാപനം. ആപ്പിൾ ടിവി, ആമസോൺ ഫയർ ടിവി, ഗൂഗിൾ ടിവി എന്നിവയുടെ പിന്തുണയുള്ള ഉപകരണങ്ങളിൽ ഇൻസ്റ്റഗ്രാം ഫോർ ടിവി ലഭ്യമാകും. അനുയോജ്യമായ ഉപകരണങ്ങളിൽ ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ഒരു ടെലിവിഷനിൽ പരമാവധി 5 അക്കൗണ്ടുകൾ വരെ ഉപയോഗിക്കാനാകും. കുടുംബത്തിലെ ഓരോ അംഗത്തിനും അവരവരുടെ താൽപര്യങ്ങൾക്കനുസരിച്ചുള്ള വീഡിയോകൾ കാണാൻ ഇതിലൂടെ സാധിക്കും. റീൽസ് കാണുന്നതിനായി മാത്രമായി പ്രത്യേക ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങാനും ഉപയോക്താക്കൾക്ക് അവസരമുണ്ട്.റീൽസുകൾ സ്വയം പ്ലേ ചെയ്യുംമൊബൈൽ ആപ്പിൽ വിരൽ ഉപയോഗിച്ച് സ്ക്രോൾ ചെയ്താണ് റീൽസുകൾ കാണുന്നതെങ്കിൽ ടിവിയിൽ വീഡിയോകൾ സ്വയം പ്ലേ ചെയ്യുന്ന രീതിയിലായിരിക്കും സംവിധാനം. ടെലിവിഷൻ റിമോട്ട് ഉപയോഗിച്ച് ഉള്ളടക്കങ്ങൾ പര്യവേക്ഷണം ചെയ്യാം. ഉപയോക്താക്കളുടെ താൽപര്യങ്ങൾ, ജനപ്രിയ വീഡിയോകൾ, പിന്തുടരുന്ന അക്കൗണ്ടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ റീൽസുകൾ ക്രമീകരിച്ച ചാനലുകളും ലഭ്യമാകും. സ്റ്റോറികൾ കാണാനും ക്രിയേറ്റർമാരുടെ പ്രൊഫൈലുകൾ സന്ദർശിക്കാനും സെർച്ച് സംവിധാനത്തിലൂടെ ഇഷ്ടപ്പെട്ട വീഡിയോകളും അക്കൗണ്ടുകളും കണ്ടെത്താനും കഴിയും. ചിത്രങ്ങളും കാരൗസൽ പോസ്റ്റുകളും ബ്രൗസ് ചെയ്യാം. വൈഡ് സ്ക്രീൻ ഫോർമാറ്റിൽ കാണാവുന്ന ഹൊറിസോണ്ടൽ റീൽസുകൾക്കും പിന്തുണയുണ്ടാകും.മൊബൈലിൽ നിന്ന് ടിവിയിലേക്ക് റീൽസ് കാസ്റ്റ് ചെയ്യാംമൊബൈൽ ഫോണിൽ കാണുന്ന റീൽസ് നേരിട്ട് ടെലിവിഷനിലേക്ക് കാസ്റ്റ് ചെയ്യാനുള്ള സൗകര്യവും പുതിയ സംവിധാനത്തിലുണ്ട്. ഇതിനായി ഫോണും ടിവിയും ഒരേ വൈഫൈ നെറ്റ്‌വർക്കിൽ കണക്ട് ചെയ്തിരിക്കണം. ഇൻസ്റ്റഗ്രാമിലെ കാസ്റ്റ് ഓപ്ഷൻ തിരഞ്ഞെടുത്ത് ടെലിവിഷൻ തിരഞ്ഞെടുക്കുന്നതോടെ വീഡിയോ വലിയ സ്ക്രീനിൽ കാണാം. എന്നാൽ ഉപകരണങ്ങൾക്കനുസരിച്ച് ഈ സൗകര്യത്തിന്റെ ലഭ്യതയിൽ മാറ്റമുണ്ടാകാമെന്നും മെറ്റ വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തുക്കൾ പങ്കുവെക്കുന്ന വീഡിയോകളും അവർക്ക് പ്രിയപ്പെട്ട ജനപ്രിയ റീൽസുകളും ഒരിടത്ത് ലഭ്യമാക്കുന്ന ഫ്രണ്ട്സ് ടാബും പുതിയ ആപ്പിലുണ്ടാകും.കൗമാരക്കാർക്കായി സുരക്ഷാ നിയന്ത്രണങ്ങൾടെലിവിഷനിലെ പങ്കിട്ടുള്ള കാഴ്ചാനുഭവം കണക്കിലെടുത്ത് വിശാലമായ പ്രേക്ഷകവിഭാഗത്തിന് അനുയോജ്യമായ ഉള്ളടക്ക മാനദണ്ഡങ്ങളായിരിക്കും പിന്തുടരുക. മൊബൈൽ ആപ്പിൽ അടുത്തിടെ അവതരിപ്പിച്ച 13+ കണ്ടന്റ് റേറ്റിങ് സംവിധാനം ടിവി പതിപ്പിലും ബാധകമാകും. ടീൻ അക്കൗണ്ടുകൾക്കുള്ള നിലവിലെ സുരക്ഷാ നിയന്ത്രണങ്ങളും തുടരും. 18 വയസ്സിൽ താഴെയുള്ളവർക്ക് അനുയോജ്യമല്ലാത്ത ഉള്ളടക്കങ്ങൾ, കമന്റുകൾ, പ്രൊഫൈലുകൾ എന്നിവയ്ക്ക് നിയന്ത്രണമുണ്ടാകും. ടിവിയിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന സമയവും കൗമാരക്കാരുടെ ആകെ ഉപയോഗസമയത്തിന്റെ ഭാഗമായി കണക്കാക്കും. ഉപയോഗപരിധി അവസാനിക്കാറാകുമ്പോഴുള്ള മുന്നറിയിപ്പുകൾക്കും സ്ലീപ്പ് മോഡ് അറിയിപ്പുകൾക്കും പിന്തുണയുണ്ടാകും.
