യുഎഇയില് കമ്പനിയെ അറിയിക്കാതെ ജോലി ഉപേക്ഷിച്ചു; പ്രവാസി ഇന്ത്യക്കാരന് അറസ്റ്റില്; മോചനത്തിന് സര്ക്കാരിന്റെ സഹായം തേടി കുടുംബം
റാഞ്ചി/ദുബൈ: കമ്പനിയെ അറിയിക്കാതെ ജോലി ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് യുഎഇയില്‍ ജയിലിലായ 23കാരനെ നാട്ടിലെത്തിക്കാന്‍ സഹായം തേടി കുടുംബം. ജാര്‍ഖണ്ഡിലെ പലാമു സ്വദേശിയായ ശശി കുമാര്‍ പസ്വാന്റെ മോചനത്തിനായി മുഖ്യമന്ത്രി ഹേമന്ത് സോറനെ നേരില്‍ക്കണ്ട് കുടുംബം നിവേദനം നല്‍കി. നാലുമാസത

റാഞ്ചി/ദുബൈ: കമ്പനിയെ അറിയിക്കാതെ ജോലി ഉപേക്ഷിച്ചതിനെത്തുടര്‍ന്ന് യുഎഇയില്‍ ജയിലിലായ 23കാരനെ നാട്ടിലെത്തിക്കാന്‍ സഹായം തേടി കുടുംബം. ജാര്‍ഖണ്ഡിലെ പലാമു സ്വദേശിയായ ശശി കുമാര്‍ പസ്വാന്റെ മോചനത്തിനായി മുഖ്യമന്ത്രി ഹേമന്ത് സോറനെ നേരില്‍ക്കണ്ട് കുടുംബം നിവേദനം നല്‍കി. നാലുമാസത്തിലേറെയായി യുഎഇയിലെ ജയിലില്‍ കഴിയുന്ന ശശിയുമായി നവംബര്‍ 18 മുതല്‍ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഭാര്യ സുമിത കുമാരി പറഞ്ഞു. നവംബര്‍ 17നായിരുന്നു അവസാനമായി സംസാരിച്ചത്. അന്ന് ആരോഗ്യനില മോശമാണെന്നും ദുബായിലെ അല്‍ റാഷിദിയ ജയിലില്‍നിന്ന് മറ്റൊരു ജയിലിലേക്ക് മാറ്റുകയാണെന്നും ശശി അറിയിച്ചിരുന്നതായി ഭാര്യ പറഞ്ഞു. വെള്ളിയാഴ്ച കുടുംബാംഗങ്ങള്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ട സുമിത, ഭര്‍ത്താവിനെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. വിഷയം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായും അവര്‍ പറഞ്ഞു. 2025ലാണ് സ്വകാര്യ കമ്പനിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നതിനായി ശശി ദുബായിലെത്തിയത്. സഹോദരിയുടെ വിവാഹം ജൂണ്‍ 26ന് നിശ്ചയിച്ചതോടെ നാട്ടിലെത്താന്‍ ആഗ്രഹിച്ച ശശി ഇതിനായി ഒരു ഏജന്റിന് പണം നല്‍കിയെന്നാണ് പിതാവ് ലാലന്‍ പസ്വാന്‍ പറയുന്നത്. എന്നാല്‍ ഏജന്റിന്റെ ഇടപെടലില്‍ കുടുങ്ങിയതോടെ നാട്ടിലേക്ക് മടങ്ങാന്‍ കഴിഞ്ഞില്ലെന്നും അദ്ദേഹം ആരോപിച്ചു. മകനെ തിരികെയെത്തിക്കണമെന്നാവശ്യപ്പെട്ട് ഒക്ടോബര്‍ 26ന് ലാലന്‍ പസ്വാന്‍ ഹുസൈനാബാദ് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. മകന്‍ വൈകാതെ ജയിലില്‍നിന്ന് പുറത്തിറങ്ങുമെന്ന് അറിയിച്ചതിനാല്‍ മൂന്നുമാസത്തോളം കുടുംബം കാത്തിരിക്കുകയായിരുന്നുവെന്നും പിന്നീട് സര്‍ക്കാര്‍ ഇടപെടല്‍ തേടുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു. കമ്പനിയെ അറിയിക്കാതെ ജോലി ഉപേക്ഷിക്കുകയും നാട്ടിലേക്ക് മടങ്ങാന്‍ ഏജന്റിന് പണം നല്‍കുകയും ചെയ്തതാണ് യുവാവ് ജയിലിലാകാന്‍ കാരണമെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചത്. തുടര്‍ച്ചയായി ഏഴുദിവസം ജോലിക്ക് ഹാജരാകാതിരുന്നതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര്‍ 17 വരെ ദുബായിലെ അല്‍ റാഷിദിയ ജയിലിലായിരുന്നു ശശിയെന്നും പിന്നീട് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയെന്നുമാണ് കുടുംബത്തിന് ലഭിച്ച വിവരം. നിലവില്‍ എവിടെയാണ് കഴിയുന്നതെന്ന കാര്യത്തിലും കുടുംബത്തിന് വ്യക്തതയില്ല. English Summary: A 23-year-old man from Palamu ditsrict in Jharkhand has been in a UAE prison for over four months after allegedly leaving his job without informing his employer and remaining absent for seven consecutive days. His family has approached Chief Minister Hemant Soren seeking intervention to secure his release and safe return to India.
