ഹെല്ത്തിയായി എങ്ങനെ നൂറടിക്കാം?, ആരോഗ്യത്തെ ആഘോഷിക്കുന്ന പുതുയുഗം; ശ്രദ്ധിക്കേണ്ടതെന്തെല്ലാം?
"ഒരു മിഡില്‍ക്ലാസ് ജീവിതം നയിക്കുന്നയാൾ ദാരിദ്ര്യത്തിൽ നിന്ന് ഒരു ആശുപത്രി ബില്ലിന്‍റെ അകലത്തിലാണ്" - ആധുനിക ജീവിതശൈലിയും വർദ്ധിച്ചുവരുന്ന ചികിത്സാച്ചെലവുകളും സാധാരണക്കാരന്‍റെ ജീവിതത്തെ എത്രത്തോളം അരക്ഷിതമാക്കുന്നു എന്ന് വ്യക്തമാക്കുന്ന ഈ വാക്കുകളോടെയാണ് അഗോറ കോൺക്ലേവിൽ ദീർഘായുസ്സിനെയും

"ഒരു മിഡില്‍ക്ലാസ് ജീവിതം നയിക്കുന്നയാൾ ദാരിദ്ര്യത്തിൽ നിന്ന് ഒരു ആശുപത്രി ബില്ലിന്‍റെ അകലത്തിലാണ്" - ആധുനിക ജീവിതശൈലിയും വർദ്ധിച്ചുവരുന്ന ചികിത്സാച്ചെലവുകളും സാധാരണക്കാരന്‍റെ ജീവിതത്തെ എത്രത്തോളം അരക്ഷിതമാക്കുന്നു എന്ന് വ്യക്തമാക്കുന്ന ഈ വാക്കുകളോടെയാണ് അഗോറ കോൺക്ലേവിൽ ദീർഘായുസ്സിനെയും (Longevity)Preventive Health നെയും കുറിച്ചുള്ള ചർച്ച ആരംഭിച്ചത്. സജീവ് നായർ ആണ് സെഷനില്‍ സംസാരിച്ചത്. വെറുതെ കൂടുതൽ കാലം ജീവിക്കുക എന്നതിലുപരി, വാർദ്ധക്യത്തിലും പൂർണ്ണ ആരോഗ്യത്തോടെയും ഊർജ്ജസ്വലതയോടെയും എങ്ങനെ ജീവിക്കാം എന്നതാണ് ഇന്ന് ലോകം ചർച്ച ചെയ്യുന്ന ഏറ്റവും വലിയ ശാസ്ത്രീയ വിഷയമെന്ന് സെഷൻ അടിവരയിട്ടു.ഹെൽത്ത് കെയർ അല്ല, 'സിക്‌നസ് ഇൻഡസ്ട്രി' നമ്മൾ ഇന്ന് 'ആരോഗ്യമേഖല' (Health Care Industry) എന്ന് വിളിക്കുന്ന വ്യവസായം യഥാർത്ഥത്തിൽ രോഗങ്ങളെ ആശ്രയിച്ചാണ് നിലനിൽക്കുന്നത് എന്ന ഗൗരവമേറിയ നിരീക്ഷണമാണ് പ്രഭാഷകൻ മുന്നോട്ടുവെച്ചത്. 2001-ൽ പ്രശസ്ത അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞൻ പോൾ സെയിൻ പിൽസർ എഴുതിയ 'ദി വെൽനസ് റെവല്യൂഷൻ' എന്ന പുസ്തകത്തെ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഈ ആശയം വ്യക്തമാക്കി. ആശുപത്രികൾ, മരുന്ന് കമ്പനികൾ, സ്കാനിംഗ് സെന്‍ററുകൾ എന്നിവയെല്ലാം പ്രവർത്തിക്കുന്നത് മനുഷ്യർക്ക് രോഗം വരുമ്പോൾ മാത്രമാണ്. അതുകൊണ്ടുതന്നെ ഇതിനെ Sickness Industry എന്ന് വിളിക്കുന്നതാണ് ഉചിതം. എന്നാൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ ഈ കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങൾ സംഭവിച്ചിരിക്കുന്നു. രോഗം വന്ന ശേഷം ചികിത്സിക്കുന്നതിന് പകരം, രോഗം വരാതെ നോക്കുന്ന 'വെൽനസ്' (Wellness) മേഖല ഇന്ന് 7.2 ട്രില്യൺ ഡോളർ മൂല്യമുള്ള ആഗോള വിപണിയായി വളർന്നു കഴിഞ്ഞു. ആഗോളതലത്തിൽ മരുന്നുകളുടെ (Pharmaceuticals - 1.2 ട്രില്യൺ ഡോളർ) വിൽപ്പനയേക്കാൾ കൂടുതൽ ഇന്ന് നടക്കുന്നത് പോഷകൗഷധങ്ങളുടെ (Nutraceuticals - 1.6 ട്രില്യൺ ഡോളർ) വിൽപ്പനയാണെന്ന കണക്ക്, ലോകം രോഗപ്രതിരോധത്തിലേക്ക് ചുവടുമാറുന്നതിന്‍റെ വ്യക്തമായ തെളിവാണ്.പ്രവാസവും ഇടത്തരക്കാരുടെ ആശങ്കകളും മുംബൈയിൽ മികച്ച കരിയറുമായി മുന്നോട്ടുപോയിരുന്ന ഒരു 36-കാരനായ ഐടി പ്രൊഫഷണലിന് പെട്ടെന്നുണ്ടായ സ്ട്രോക്കും തുടർന്നുണ്ടായ ചികിത്സാച്ചെലവുകളും കാരണം ഫ്ലാറ്റ് വിറ്റ് സ്വന്തം ഗ്രാമത്തിലേക്ക് മടങ്ങേണ്ടി വന്ന അനുഭവം പ്രഭാഷകൻ സദസ്സുമായി പങ്കുവെച്ചു. ഇൻഷുറൻസ് പരിരക്ഷകൾക്ക് പോലും പരിധികളുള്ള ഇക്കാലത്ത്, രോഗപ്രതിരോധത്തെ ഒരു 'നിക്ഷേപമായും' (Investment) ആശുപത്രി ബില്ലുകളെ ഒരു 'ചെലവായും' (Expense) കാണാൻ നമ്മൾ പഠിക്കേണ്ടതുണ്ട്. രാവിലെ അല്പം നടക്കാൻ പോകുന്നതും മിതമായ ഭക്ഷണം കഴിക്കുന്നതും മാത്രമായിരുന്നു ഇതുവരെ നമ്മുടെ ആരോഗ്യശീലങ്ങൾ. എന്നാൽ കഴിഞ്ഞ 10 വർഷത്തിനിടയിൽ ശാസ്ത്രലോകത്തുണ്ടായ വിപ്ലവകരമായ മാറ്റങ്ങൾ മനുഷ്യന്‍റെ ആയുസ്സിനെയും ആരോഗ്യത്തെയും പുതിയ തലത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്. ഒരാളുടെ ജനിതക ഘടന മനസ്സിലാക്കി ഭാവിയിൽ വരാൻ സാധ്യതയുള്ള രോഗങ്ങളെ നേരത്തെ കണ്ടെത്താനും തടയാനും ഇന്ന് സാധിക്കും. നമ്മുടെ ഉദരത്തിലുള്ള സൂക്ഷ്മാണുക്കളുടെ ആരോഗ്യവും ശരീരത്തിന്‍റെ പ്രതിരോധശേഷിയും തമ്മിലുള്ള ബന്ധം ഇന്ന് വലിയ രീതിയിൽ പഠിക്കപ്പെടുന്നു. കോശങ്ങളുടെ വാർദ്ധക്യത്തെ മന്ദഗതിയിലാക്കാനും കേടുപാടുകൾ തീർക്കാനും ആധുനിക ശാസ്ത്രത്തിന് കഴിയുന്നു എന്നും സജീവ് വ്യക്തമാക്കി. ജപ്പാനിലെ ഒക്കിനാവ, ഇറ്റലിയിലെ സാർഡിനിയ തുടങ്ങി ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ 100 വയസ്സിന് മുകളിൽ ആരോഗ്യത്തോടെ ജീവിക്കുന്ന അഞ്ച് പ്രദേശങ്ങളായ 'ബ്ലൂ സോണുകളെ' (Blue Zones) കുറിച്ചും ചർച്ചയിൽ പരാമർശമുണ്ടായി.ഇവരുടെ ജീവിതശൈലിയും ആധുനിക ശാസ്ത്രത്തിന്‍റെ കണ്ടെത്തലുകളും സംയോജിപ്പിച്ചാൽ ആർക്കും 100 വയസ്സിന് മുകളിൽ ആരോഗ്യത്തോടെ ജീവിക്കാൻ സാധിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംരംഭകർക്കുള്ള വലിയ അവസരംആഗോള കൺസൾട്ടിംഗ് സ്ഥാപനമായ ഡെലോയിറ്റിന്‍രെ (Deloitte) 'ഫ്യൂച്ചർ ഓഫ് ഹെൽത്ത്' റിപ്പോർട്ട് പ്രകാരം, 2019-ൽ ആരോഗ്യമേഖലയുടെ 19 ശതമാനം മാത്രമായിരുന്ന പ്രിവന്‍റീവ് ഹെൽത്ത് വിപണി 2040 ആകുമ്പോഴേക്കും 60 ശതമാനത്തിന് മുകളിലേക്ക് വളരും. വമ്പൻ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിൽ നിന്ന് മാറി, വ്യക്തിഗത ആരോഗ്യ സംരക്ഷണത്തിലേക്കും (Personalized Health) വെൽനസ്സിലേക്കും ലോകം മാറുകയാണ്. ഈ മാറ്റം സാധാരണക്കാരുടെ ആയുസ്സ് വർദ്ധിപ്പിക്കുക മാത്രമല്ല, പുതിയ കാലത്തെ സംരംഭകർക്കും പ്രൊഫഷണലുകൾക്കും മുന്നിൽ കോടിക്കണക്കിന് ഡോളറിന്‍റെ പുതിയ ബിസിനസ്സ്-തൊഴിൽ അവസരങ്ങൾ തുറന്നിടുക കൂടിയാണ് ചെയ്യുന്നത്. രോഗം വന്ന് ചികിത്സിക്കുന്ന പഴയ രീതികളിൽ നിന്ന് മാറി, ആരോഗ്യത്തെ ആഘോഷിക്കുന്ന ഒരു പുതുയുഗത്തിലേക്കാണ് ലോകം നീങ്ങുന്നതെന്ന ശുഭപ്രതീക്ഷ നൽകിയാണ് സെഷൻ അവസാനിച്ചത്.
