48 മണിക്കൂറിനുള്ളിൽ സൗദിയിലെ 5 തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഹൂത്തികൾ, മിസൈലുകൾ തകർത്ത് സൗദി സഖ്യസേന
റിയാദ്: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സൗദി അറേബ്യയിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഹൂത്തികൾ. വിമാനത്താവളങ്ങളും ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തെയും രാജ്യത്തെ മറ്റ് ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂത്

റിയാദ്: കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സൗദി അറേബ്യയിലെ അഞ്ച് തന്ത്രപ്രധാന കേന്ദ്രങ്ങൾ ആക്രമിച്ചെന്ന് ഹൂത്തികൾ. വിമാനത്താവളങ്ങളും ഊർജ കേന്ദ്രങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയത്. റിയാദിലെ കിങ് ഖാലിദ് രാജ്യാന്തര വിമാനത്താവളത്തെയും രാജ്യത്തെ മറ്റ് ഊർജ്ജ നിലയങ്ങളെയും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി ഹൂത്തികൾ അവകാശപ്പെട്ടു. അതേസമയം തലസ്ഥാനമായ റിയാദിന് നേരെയും രാജ്യത്തിന്റെ തെക്കൻ മേഖലയ്ക്ക് നേരെയും ഹൂത്തി വിമതർ തൊടുത്തുവിട്ട മിസൈലുകൾ സൗദി അറേബ്യയുടെ വ്യോമപ്രതിരോധ സേന തകർത്തു. ഞായറാഴ്ച പുലർച്ചെ റിയാദിനെ ലക്ഷ്യമിട്ടെത്തിയ ക്രൂയിസ് മിസൈൽ ഉൾപ്പെടെയുള്ളവ ആകാശത്തുവെച്ച് തന്നെ നിർവീര്യമാക്കിയതെന്ന് സൗദി സഖ്യസേന അറിയിച്ചു.കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ സൗദി അരാംകോയുടെ ജിസാൻ റിഫൈനറിക്ക് നേരെയും തെക്കുപടിഞ്ഞാറൻ സൗദിയിലെ രണ്ട് പവർ സ്റ്റേഷനുകൾക്ക് നേരെയും ആക്രമണം നടത്തിയതായും ഹൂത്തികൾ വ്യക്തമാക്കി. അതിനിടെ ഹോർമുസ് കടലിടുക്കിൽ ഒരു കപ്പൽകൂടി കത്തിച്ചെന്ന് ഇറാൻ അവകാശപ്പെട്ടു. അമേരിക്കയുടെ നിരീക്ഷണ ഡ്രോൺ വെടിവെച്ചിട്ടെന്നും ഇറാൻ പറയുന്നു. ഹൂത്തികളുടെ മിസൈൽ, ഡ്രോൺ ആക്രമണങ്ങളെ സഹായിക്കുന്ന നിർണായക കേന്ദ്രങ്ങൾ തകർക്കാൻ ഞായറാഴ്ച സംയുക്ത സൈനിക നീക്കം നടത്തിയതായി സൗദി സഖ്യസേന അറിയിച്ചു. എന്നാൽ ആക്രമണം നടന്ന സ്ഥലങ്ങളോ ലക്ഷ്യങ്ങളോ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.തെക്കൻ സൗദിയിലേക്ക് വെള്ളവും വൈദ്യുതിയും എത്തിക്കുന്ന പ്രധാന നിലയങ്ങൾ സ്ഥിതി ചെയ്യുന്ന ജിസാൻ പ്രവിശ്യയിലെ അൽ-ഷുഖൈഖിന് നേരെ ശനിയാഴ്ച തൊടുത്തുവിട്ട ബാലിസ്റ്റിക് മിസൈലും സഖ്യസേന തകർത്തിരുന്നു. യെമൻ അതിർത്തിയോട് ചേർന്നുള്ള ചെങ്കടൽ തീരത്തെ ജിസാൻ റിഫൈനറിയിൽ വ്യാഴാഴ്ചയുണ്ടായ മിസൈൽ ആക്രമണത്തിൽ ഒരു നേപ്പാൾ സ്വദേശി കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതേത്തുടർന്ന് റിഫൈനറിയുടെ പ്രവർത്തനം താൽക്കാലികമായി തടസ്സപ്പെട്ടിട്ടുണ്ട്. ജിസാൻ, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ ശനിയാഴ്ച സൗദി അധികൃതർ സുരക്ഷാ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. കിഴക്കൻ പ്രവിശ്യയിലെ ഹാവിയ ഗ്യാസ് പ്ലാന്റ് ആക്രമിച്ചതായി ഹൂതികൾ അവകാശപ്പെട്ടിട്ടുണ്ട്.
